ടാഗോറിൻ്റെ കണ്ണിൽകരട് വലക്കണ്ണിയിലൂടെ കടന്നപ്പോൾ

ടാഗോറിൻ്റെ കണ്ണിൽകരട് വലക്കണ്ണിയിലൂടെ കടന്നപ്പോൾ  എന്തുണ്ടായി? എന്തായിരുന്നു അദ്ദേഹത്തിനു കണ്ണിൽകേടിനു കാരണം ? ഈ വക ചോദ്യങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു എനിക്കറിയാം. സംശയങ്ങൾ ഉടൻ തീർത്തു തരാം.

സംഗതി ഇത്രേ ഉള്ളു. സാക്ഷാൽ രവീന്ദ്രനാഥ് ടാഗോർ മുപ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു നോവെല്ല എഴുതി. അതാണ് ചോഖേർ ബാലി. 

൧൯൦൧ ൽ (1901) എഴുതപെട്ട ഈ കൃതി  ടാഗോറിൻ്റെ പുരോഗമനപരമായ ആശയങ്ങളെ മുന്നോട്ടു വയ്ക്കുന്നുണ്ട് . വിധവകളുടെ ദയനീയാവസ്ഥയും പുരുഷാധിപത്യം എന്നിവയൊക്കെ ഇതിൽ പ്രകടമാവുന്നുണ്ട് .ആദ്യമായി പ്രസിദ്ധികരിച്ച ശേഷം  താമസിയാതെ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ഒന്ന് രണ്ടു സിനിമയും വന്നു . എന്തിനധികം പറയുന്നു, നമ്മുടെ ഐശ്വര്യ റായി വരെ 2003 ൽ  പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചു.

ഇനി വലക്കണ്ണിയുടെ  കാര്യം. അധികം തല പുകക്കേണ്ട. കൊറോണ ഭീതി കാരണം എല്ലാവരും വീട്ടിൽ അടച്ചിരിപ്പാണല്ലോ . സമയം പോവാൻ നെറ്റ്ഫ്ലിക്സ് മുതലായവയുടെ വലയിൽ പെട്ട് വെബ് സീരീസിൽ മുഴുകുന്നു. ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ ഇത് തന്നെ വലക്കണ്ണി.(https://imdb.to/32SYyrl)

ആര്, എന്ത്, എവിടെ?

ഞാൻ പറഞ്ഞുവരുന്നത് നെറ്റ് ഫ്ലിക്സിസിലെ  സ്റ്റോറീസ് ഓഫ് രബീന്ദ്രനാഥ ടാഗോർ എന്ന പരമ്പരയെ കുറിച്ചാണ്. 2015 ൽ ആദ്യ സീസൺ. അതിൽ ഈ കഥ കണ്ടു. അനുരാഗ് ബസു, ദേബ്ആത്‌മ മണ്ഡൽ, തനു ബസു എന്നിവർ സംവിധാനം. രാധിക ആപ്തെ, താര അലിഷാ ബെറി, സുമിത് വ്യാസ്, ഭാനു ഉദയ് എന്നിവർ മുഖ്യ അഭിനേതാക്കൾ.

കണ്ണിൽ കരട് കഥാസാരം 

മഹേന്ദ്ര ഒരു ധനിക സെമിന്ദാർ കുടുംബത്തിലെ ഏക സന്തതിയാണ്. വിധവയായ അമ്മയുടെ കണ്ണിലുണ്ണിയും. ഡോക്ടർ ആവാൻ പഠിക്കുന്നു. 'അമ്മ അയാൾക്കു  ബിനോദിനി എന്ന ഒരു പെൺകുട്ടിയുമായി കല്യാണം ആലോചിക്കുന്ന്നു. ഇവൾ അഭ്യസ്തവിദ്യയും മിടുക്കിയുമാണ്. പക്ഷെ മഹെൻ അവളുടെ ഫോട്ടോ കാണാൻ കൂടി സമ്മതിക്കുന്നില്ല. .

മാത്രമല്ല, സ്നേഹിതനായ ബിഹാരിയോട് അവളെ കല്യാണം കഴിക്കുവാനും പറയുന്നു. ബിഹാരിക്കും താല്പര്യമില്ല. അങ്ങനെ ബിനോദിനി വേറൊരാളെ കല്യാണം  കഴിക്കുന്നു , പക്ഷെ ഏതാനും മാസങ്ങൾക്കുള്ളിൽ അയാൾ മരിക്കുന്നു. വിധവയായ ബിനോദിനി അവളുടെ മാൽഡയിലുള്ള ജന്മഗൃഹത്തിൽ തിരിച്ചെത്തുന്നു.

അപ്പോഴേക്കും മഹേൻ ആശ ലത എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് അവളുമായി സദാസമയവും രമിക്കുന്നു. അയാളുടെ അമ്മയെ പോലും മറക്കുന്നു. മനം മടുത്ത 'അമ്മ മാൽഡയിലുള്ള തറവാട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ബിഹാരി ഒപ്പം പോകാം എന്ന് പറയുന്നു.
  
തറവാട്ടിൽ സഹായത്തിനു ബിനോദിനി വരുന്നു, ബിഹാരിക് അവോളോട് ഇഷ്ടം തോന്നുന്നു, പക്ഷെ സംസാരിക്കുന്നില്ല. ഇതിനിടെ മഹേൻ ബിഹാരിക്ക് എഴുതിയ കത്ത് ബിനോദിനി കാണാൻ ഇടയാകുന്നു. അതിൽ ഭാര്യയെ പറ്റി പ്രേമപൂർവം എഴുതിയത് വായിച്ച ബിനോദിനി ആ വിവാഹം തകർക്കുവാൻ നിശ്ചയിക്കുന്നു. 

ഇതിനായി അവൾ 'അമ്മ തിരിച്ചുപോയപ്പോൾ അവരുടെ ഒപ്പം കൂടുന്നു. ആശാലതയുമായി ചങ്ങാത്തം കൂടുന്നു. കണ്ണിൽ കരട് എന്ന അർഥം വരുന്ന ചോഖേർ ബാലി എന്ന പേരും ഈ സൗഹൃദത്തിനു കൊടുക്കുന്നു. ആശാലത തന്നെ മുൻകൈയെടുത്തു ബിനോദിനിയെ മഹേന്ദ്രക്ക് പരിചയപ്പെടുത്തുന്നു. 

ക്രമേണ മഹേന്ദ്ര ബിനോദിനിയോട് കൂടുതൽ അടുക്കുകയും എഴുത്തും വായനയും അറിയാത്ത ആശലതയെ തിരസ്കരിക്കുകയും ചെയ്യുന്നു. ബിനോദിനിക്ക് ബിഹാരിയോടാണ് പ്രിയം. അവൾ മഹേന്ദ്രനെ ഉപയോഗിച്ചു ആദ്യ കൊൽക്കത്തയിലും പിന്നെ വാരാണസിയിലും അയാളെ തേടി പോകുന്നു . ഇത് അറിഞ്ഞപ്പോൾ മഹേന്ദ്രൻ അവളെ ഉപേക്ഷിക്കുന്നു.

വര്ഷങ്ങൾക്കു  ശേഷം ബിനോദിനിയും ബിഹാറിയും അവിചാരിതമായി കണ്ടുമുട്ടുന്നു. അവസാനം അവർ ഒന്നിക്കുമോ എന്നതാണ് പ്രമേയം.  

ടാഗോർ കഥകളുടെ സൗരഭ്യം

ഈ വലകണ്ണികൾ ടാഗോർ കഥകളുടെ സൗരഭ്യം ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകർക്ക് തന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. തുടക്കത്തിൽ തന്നെ ബിഹാരി തൻ്റെ കാർ കേടുവന്ന കാരണം അടുത്തുള്ള റെയിൽവേ സ്റേറഷനിൽ അഭയം പ്രാപിക്കുന്നു. യാത്രക്കാരുടെ വിശ്രമമുറിയിൽ ചെന്നപ്പോൾ ഇരുട്ടത്ത് ഒരു സ്ത്രീ റാന്തൽ കത്തിക്കുവാൻ ശ്രമിക്കുന്നു. പക്ഷെ തീപ്പെട്ടി കൊള്ളി എത്ര ഉരച്ചിട്ടും കത്തുന്നില്ല. അവൾ ബിഹാരിയോട് തീപ്പെട്ടി ചോദിച്ചു വാങ്ങി വിളക്ക് കത്തിക്കുന്നു. ആ വെളിച്ചത്തിൽ ബിനോദിനിയുടെ മുഖം തെളിയുന്നത് കണ്ടു അയാൾ അദ്‌ഭുതപ്പെട്ടു. അതുപോലെ അവളും.
വളരെ കൊല്ലങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ കാണുകയാണ്. പിന്നീട് കഥ പഴയ കാല സംഭവങ്ങളിലേക്ക് പോകുന്നു. മഴ കാഴ്ചകളും ഓരോ സന്ദർഭത്തിനനുനസരിച്ചു ബംഗാളി പാട്ടുകളും, ബൗൾ സംഗീതവും, പാശ്ചാത്യ ഈരടികളും രസിപ്പിക്കുന്നുണ്ട്.
അഭിനേതാക്കളിൽ രാധിക ആപ്‌തെ ബിനോദിനിയായി തിളങ്ങുന്നു. എത്ര അനായാസമായി അവർ ഒരു വിധവയുടെ ദുഃഖം പങ്കുവെക്കുന്നു. കണ്ണുകള്കൊണ്ടും ചലനങ്ങളിലൂടെയും.
ആശാലത ആയി അഭിനയിച്ച താര കുറച്ചധികം പരിഷ്കാരി ആയോ എന്നൊരു സംശയം. 
വേഷം മുതലായവകളിലും സംവിധായകൻ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മഹേൻ മിക്കവാറും ത്രീ -പീസ് സൂട്ടിലാണ്. ഒറ്റ തവണ മാത്രം വാരാണസിയിൽ ബിനോദിനിയെ സംശയം തോന്നി പിന്തുടർന്നപ്പോൾ ദോത്തി കുർത്തയിൽ. ബിഹാരി സ്ഥിരം ദോത്തി കുർത്തയിൽ തന്നെ. പത്തൊമ്പതാം നൂറ്റാണ്ടിലെ കഥയാണെങ്കിലും മഹീന്ദ്രയുടെ കാർ 1950 കളിലെ ഷെവർലെ ആണ്. ഇതൊക്കെ ചെറിയ കാര്യം. പൊതുവെ കാണാൻ കൊള്ളാവുന്നത് എന്നാണ് വിലയിരുത്തേണ്ടത്.      











Comments

Popular posts from this blog

elephant song

Delhi motorists could teach a thing or two to F 1 drivers

Little folks, little states